പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ 18 പേർക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരാണ് ഗുരുതരാവസ്ഥയിലുള്ളത്. കാറിലേക്ക് കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് കിഴവള്ളൂർ ഓർത്തഡോക്സ് പള്ളി കമാനത്തിൽ ഇടിക്കുകയറുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റവരെ കോന്നി മെഡിക്കൽ കോളെജ്, പത്തനംത്തിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുകയാണ്. ബസിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. തിരുവനന്തപുരത്തേക്ക് പോയ ബസ് ആണ്. കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാർ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകർന്ന് കോൺക്രീറ്റ് പാളികളും ഇഷ്ടികയും ബസിന് മുകളിലേക്ക് വീണതോടെയാണ് അപകടത്തിന്റെ തോത് കൂടിയത്.