കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ വൻ തിരക്ക്. പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഈ മേഖലകളിൽ തിരക്ക് വർധിച്ചത്. എന്നാൽ അപകടങ്ങൾ പതിവായതോടെ സഞ്ചാരികൾ കനാലുകളിൽ ഇറങ്ങുന്നത് ഇറിഗേഷൻ വകുപ്പ് വിലക്കിയിരിക്കുകയാണ്.
കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി സദാനന്ദപുരത്തുള്ള സബ് കനാലും, സ്റ്റെപ്പ് വാട്ടർ ഫാൾസിലുമാണ് സന്ദർശകരുടെ ഒഴുക്ക്. ഈ സ്ഥലങ്ങളിൽ യൂടൂബര്‍മാരെത്തി കനാലിന്റെ വീഡിയോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇട്ടതോടെ സന്ദര്‍ശകരുടെ തിരക്കായി. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും 50 അടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്‍റെ മുകളിലൂടെ നടക്കുന്നതുമാണ് ഇവിടുത്തെ കാഴ്ച. മദ്യപിച്ചെത്തുന്നവർ സ്ഥിരമായി ബഹളം വച്ചതോടെ സ്റ്റെപ്പ് വാട്ടർ ഫാൾസിലേക്കുള്ള നീരൊഴുക്ക് ഇറിഗേഷൻ വകുപ്പ് കെട്ടിയടച്ചു.
രണ്ട് വര്‍ഷം മുമ്പ് അക്വഡേറ്റിന് മുകളിൽ കൂടി നടന്ന യുവാവ് വീണ് മരിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും പലരും ചെറുതും വലുതുമായ അപകടത്തിൽ പെടുന്നതും പതിവാണ്.