തിരുവനന്തപുരം; അടിക്കടിയുണ്ടാകുന്ന ആശുപത്രി ആക്രമണങ്ങൾക്കും, ഡോക്ടർമാർക്കും എതിരെയുമുളള ആക്രമണങ്ങൾക്ക് നേരെ സർക്കാരും പോലീസും കാട്ടുന്ന നിസംഗതയ്ക്ക് എതിരെ ഐഎംഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്ത മെഡിക്കൽ സമരം തിരുവനന്തപുരം ജില്ലയിൽ പൂർണ്ണം, സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ദന്തൽ ക്ലിനിക്കുകൾ, ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ഒപിയും അടയന്തിരമല്ലാത്ത ചികിത്സയും നടന്നില്ല.
ചരിത്രത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു മെഡിക്കൽ സമരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
നിത്യേന നിരവധി മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നൽകുന്ന ഡോക്ടർമാർ തന്നെ സ്വജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയും തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയും നടത്തിയ സമരം സംസ്ഥാനത്തെ സമരങ്ങളുടെ ചരിത്രത്തിൽ വേറിട്ട സംഭവമായി മാറി.
ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്ന
സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കേണ്ട നിയമപാലകർ പോലും മൗനം പാലിക്കുന്ന ഘട്ടത്തിലാണ് തങ്ങളുടെ ജീവന് സംരക്ഷണം തേടി ഡോക്ടർമാർ സമര രംഗത്തിറങ്ങിയത്.
തിരുവനന്തപുരത്ത് ശ്രീചിത്ര ഇന്റസ്റ്റിറ്റ്യൂട്ടിലെ ഇരുന്നൂറിലധികം
ഡോക്ടർമാർ ശ്രീ ചിത്ര ഇന്റസ്റ്റിറ്റ്യൂട്ടിന് മുന്നിൽ രാവിലെ പ്രതിഷേധ ധർണ്ണ നടത്തി. ധർണക്ക് ഐ എം എ തിരുവനന്തപുരം ജോയിന്റ് സെക്രട്ടറി ഡോ.വർഗീസ് ടി പണിക്കർ നേതൃത്വം നൽകി.
തിരുവനന്തപുരം ആർ.സി.സിയിൽ നടന്ന
പ്രതിഷേധ മാർച്ചിലും ധർണയിലും മുഴുവൻ ഡോക്ടർമാരും പിജി വിദ്യാർഥികളും പങ്കെടുത്തു. പ്രകടനത്തിനും ധർണക്കും പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ.ഗുരുപ്രസാദ് നേതൃത്വം നൽകി.
മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന മാർച്ചും ധർണയും ഡോക്ടർമാരുടെ പ്രതിഷേധ കടലായി മാറി. മെഡിക്കൽ കോളജിലെ ഡോക്ടർമാരും പിജി വിദ്യാർത്ഥികളുമടക്കം ആയിരത്തോളം പേരാണ് രാവിലെ മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടന്ന പ്രതിഷേധ റാലിയിലും ധർണയിലും അണിനിരന്നത്. ബ്ലഡ് ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉദ്ഘാടനം ചെയ്തു. ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, സെക്രട്ടറി ഡോ അൽത്താഫ്, ഐഎംഎ സൗത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ പ്രശാന്ത് സി വി, ഐഎംഎ ജില്ലാ കൗൺസിൽ പ്രസിഡന്റ് ഡോ. ആർ.ശ്രീജിത്ത്, കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഡോ. ആർ സി ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ധർണ്ണയെ ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ ശ്രീജിത്ത് എൻ കുമാർ, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ റോസ്നാരാ ബീഗം, ഐഡിഎ പ്രസിഡന്റ് ഡോ സിദ്ധാ ർദ്ധൻ, കെജിപിഎംടിഎ യൂണിറ്റ് പ്രസിഡന്റ് ഡോ സന്തോഷ് കുമാർ, കെജിഎംഎഫ്എ പ്രസിഡന്റ് ഡോ അജിത്ത് ചക്രവർത്തി, പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.റുവൈസ്.എ, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.അനന്യ വിത്സൺ
മെഡിക്കൽ കോളജ് സ്റ്റുഡന്റ്സ് യൂണിയൻ കൗൺസിലർ അനന്യ പിന്റോ എന്നിവർ അഭിസംബോധന ചെയ്തു.
ഐ.എം.എ ആസ്ഥാനത്ത് നടന്ന സംസ്ഥാന തല പ്രതിഷേധ പരിപാടിയെ ഐഎംഎ ദേശീയ പ്രസിഡന്റ് ശരത് അഗർവാൾ,മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ വിനയ് അഗർവാൾ ഡോ മാർത്താണ്ഡ പിള്ള, ഐ എം എ നിയുക്ത ദേശീയ പ്രസിഡന്റ് ഡോ ആർ വി അശോകൻ ഐഎംഎ ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനർ ഡോ ശ്രീജിത്ത് എൻ കുമാർ എന്നിവർ അഭിസംബോധന ചെയ്തു. രണ്ടായിരത്തിലധികം ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും പങ്കെടുത്ത പ്രതിഷേധ ധർണ്ണയിൽ കെജിഎംഒഎ, ഐഡിഎ, കെജിഐഎംഒഎ, കെജിഎംസിടിഎ പ്രതിനിധികൾ സംസാരിച്ചു.