തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ. വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊച്ചുതോപ്പ് ഭാഗത്തുനിന്നാണ് അഞ്ച് യുവാക്കളെ പൊലീസ് പിടികൂടിയത്. വിൽപനക്കായിവെച്ച എം.ഡി.എം.എ കണ്ടെടുത്തത് വലിയതുറ കൊച്ചുതോപ്പ് ലിസി റോഡിൽ ടി.സി.87/1411ൽ എബിയെന്ന ഇഗ്നേഷ്യസിന്റെ(23) വീട്ടിൽനിന്നാണ്.
പൂന്തുറ പള്ളിത്തെരുവ് ടി.സി 46/279ൽ മുഹമ്മദ് അസ്ലം (23), വെട്ടുകാട് ബാലനഗർ ടി.സി 90/1297ൽ ജോൺ ബാപ്പിസ്റ്റ് (24), വെട്ടുകാട് വാർഡിൽ ടൈറ്റാനിയം ടി.സി 80/611ൽ ശ്യാം ജെറോം (25), കരിക്കകം എറുമല അപ്പൂപ്പൻ കോവിലിന് സമീപം വിഷ്ണു (26) എന്നിവരെയാണ് വലിയതുറ പൊലീസ് പിടികൂടിയത്. 1.23 ഗ്രാം എം.ഡി.എം.എയാണ് പ്രതികളിൽനിന്ന് കണ്ടെടുത്തത്.
ഈ കേസിലെ ഒന്നാം പ്രതി കൊലപാതക ശ്രമം, മയക്കുമരുന്ന് കച്ചവടം, സ്ത്രീകളെ ഉപദ്രവിക്കൽ ഉൾപ്പെടെ മറ്റ് 11 കേസുകളിൽ കൂടി പ്രതിയാണ്. രണ്ടാം പ്രതി മയക്കുമരുന്ന്, അടിപിടി തുടങ്ങി മൂന്ന് കേസുകളിലും മൂന്നാം പ്രതി മയക്കുമരുന്ന്, കൊലപാതകശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ഒമ്പതു കേസുകളിലും നാലാം പ്രതി ഭവനഭേദനം, മയക്കുമരുന്ന് ഉൾപ്പെടെ മൂന്ന് കേസുകളിലും അഞ്ചാം പ്രതി 20 കിലോ കഞ്ചാവ് അനധികൃതമായി കൈവശം സൂക്ഷിച്ച കേസിലും പ്രതികളാണ്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
ശംഖുമുഖം പൊലീസ് അസി. കമീഷണർ ഡി.കെ. പൃഥ്വിരാജിന്റെ നിർദേശ പ്രകാരം വലിയതുറ എസ്.എച്ച്.ഒ രതീഷ്, എസ്.ഐമാരായ അഭിലാഷ് എം, അജേഷ് കുമാര്‍, സാബു എസ്, സി.പി.ഒമാരായ മനു, അനീഷ്, ഷിബി, റോജിൻ, അനു ആന്റണി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.