കഴക്കൂട്ടം: ലണ്ടനിൽ സൗത്താളിനു സമീപം ഹാൻ വെല്ലിൽ അക്രമി സംഘത്തിൻ്റെ മർദനത്തിൽ പുത്തൻതോപ്പ് സ്വദേശി മരിച്ചു. 62 കാരൻ ജറോൾഡ് നെറ്റൊയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇലക്ട്രീഷ്യനാണ് മരിച്ച ജറോൾഡ്. സംഭവ ദിവസം ചില ഉപകരണങ്ങളും ഭക്ഷണവും വാങ്ങി ജറോൾഡ് മടങ്ങി വരവേയാണ് 16നും 20നും ഇടയ്ക്ക് പ്രായമുള്ള യുവാക്കൾ ഇദ്ദേഹത്തെ തള്ളിയിട്ടത്. റോഡിൽ നിന്നും എണിറ്റ ജറോൾഡിനെ 16 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് വീണ്ടും ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് തല മതിലിൽ ഇടിച്ച സാരമായി പരുക്കേറ്റ ജറോൾഡിനെ ഉപേക്ഷിച്ച് യുവാക്കൾ രക്ഷപ്പെട്ടു.
മണിക്കൂറുകൾക്കു ശേഷം അതുവഴി പട്രോളിംഗിനു എത്തിയ പൊലീസ് ആണ് ജറോൾഡിനെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ ഇരിക്കെ മരിച്ചു. ജറോൾഡിനെ ആക്രമിച്ച മൂന്നു യുവാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരിയിൽ ആകാം ആക്രമണം എന്നാണ് പൊലീസ് നിഗമനം.
ഹാൻവെല്ലിലെ പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ലിജി നെറ്റോയാണ് ഭാര്യ. പുത്തൻതോപ്പ് സ്പുട്നിക്കിൽ മേരി നെറ്റോ യുടെയും പരേതനായ സ്റ്റെല്ലസ് നെറ്റോയുടെയും മകനാണ് ജറോൾഡ്. ബിരുദ വിദ്യാർഥികളായ ജനീഫർ നെറ്റോ , സ്റ്റെഫാൻ നെറ്റോ എന്നിവരാണ് മക്കൾ. അനിൽ മാർഷൽ പരേതനായ ജോ നെറ്റോ എന്നിവരാണ് മരിച്ച ജറോൾഡ് നെറ്റോയുടെ സഹോദരങ്ങൾ.
സംസ്കാരം പിന്നീട് സൗത്തോളിൽ. കഴിഞ്ഞ 54 വർഷമായി ജറോൾഡ് നെറ്റോയുടെ കുടുംബം ബ്രിട്ടണിൽ ആണ്.