Press Club Vartha

കൈതക്കാട് – കൊടിതൂക്കി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

വെമ്പായം: വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ വാർഡിൽ കൈതക്കാട്, ചീരാണിക്കര,അരശുംമൂട്, മഞ്ഞപ്പാറ, ഒറ്റക്കൊമ്പ്, കൊടിതൂക്കി എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി നിർമ്മിച്ച കൈതക്കാട് – കൊടിതൂക്കി കുടിവെള്ള പദ്ധതി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെയും പരിധിയിലുള്ള കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് 221 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. തേക്കട – ചീരാണിക്കര റോഡ് നവീകരണത്തിന് മൂന്നു കോടി രൂപയും ചിറത്തലയ്ക്കൽ മദപുരം റോഡിന് രണ്ട് കോടി രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു. നാടിന്റെ വികസനത്തിനായി പരമാവധി പ്രയത്നിക്കുമെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഒരു കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. കൊടിതൂക്കിയിൽ നിർമിച്ച 40,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ നിന്നും ആറര കിലോമീറ്റർ നീളത്തിൽ വിതരണ കുഴലുകൾ സ്ഥാപിച്ച് 115 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. ഇതോടെ വെമ്പായം ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന പ്രദേശത്തേക്കാണ് കുടിവെള്ളമെത്തിയിരിക്കുന്നത്. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ ജി.അംബിക, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നാട്ടുകാർ എന്നിവരും പങ്കാളികളായി.

Share This Post
Exit mobile version