നെടുമങ്ങാട്: സ്വത്തു തർക്കത്തെ തുടർന്നാണ് ഗൃഹനാഥൻ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നത്. അഴിക്കോട് വളവെട്ടി
“ഹർഷാസിൽ ” മുംതാസ് (47),
ഇവരുടെ മാതാവ്
സാഹിറ (65) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിനു ശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുംതാസിന്റ ഭർത്താവ് അലി അക്ബർ (55) ഗുരുതരമായി പൊള്ളലേറ്റ് തിരു. മെഡിക്കൽ
കോളേജ് ക്രിട്ടിക്കൽ
ഐസിയുവിലാണ്. രാവിലെ 4 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.
ഭാര്യാ മാതാവിന്റെ പേരിലുള്ള വീടും സ്ഥലവും തന്റെയും ഭാര്യയുടെയും പേർക്ക് എഴുതി തരണമെന്ന
ആവശ്യം അംഗീകരിക്കാത്തതാണ് അലി അക്ബറെ ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. ആനാട് പുത്തൻപാലത്ത് താമസിച്ചിരുന്ന സാഹിറ ഭർത്താവിന്റെ വിയോഗത്തെ തുടർന്നാണ് മകൾക്കും മരുമകനുമൊപ്പം അഴിക്കോട്ടെ വീട്ടിൽ താമസമാക്കിയത്.
സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് വെട്ടുകത്തി കൊണ്ടു മാതാവിനെ വെട്ടുന്നത് തടഞ്ഞപ്പോഴാണ്
മുംതാസിനും വെട്ടേറ്റത്. സാഹിറ തത്ക്ഷണം മരിച്ചു. വെട്ടേറ്റ് ചോര വാർന്ന് നിലത്ത് കിടന്ന മുംതാസിന്റെ മുന്നിൽ വച്ചാണ് അലി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ അറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ അരുവിക്കര
എസ്എച്ച്ഒ ഷിബു കുമാറിന്റെയും
എസ്ഐ വി എസ് സജിയുടെയും നേതൃത്വത്തിൽ പൊലീസുകാരാണ്
മുംതാസിനെയും
അലി അക്ബറിനെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. സാഹിറയുടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയതിനു തൊട്ടുപിന്നാലെ,
വൈകിട്ട് ആറു മണിയോടെ
മുംതാസും മരിച്ചു.
നെടുമങ്ങാട് ഗവ.ഗേൾസ് സ്കൂളിലെ അധ്യാപികയാണ്.
അലി അക്ബർ ഏറെക്കാലമായി എസ്എടി ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസറാണ്. സംഭവ സമയം വീട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ഹർഷിദയും ഉണ്ടായിരുന്നു. മൂത്ത മകൻ ഹർഷാസ് ബാംഗ്ലൂരിൽ എഞ്ചിനിയറാണ്. ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് അലി അക്ബർ ഭീമമായ സാമ്പത്തിക ബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കടം വീട്ടാൻ ഭാര്യാമാതാവിന്റെ വസ്തുവിൽ കണ്ണൂ വച്ച് അലി അക്ബർ നടത്തിയ നീക്കമാണ്
കുടുംബ കലഹത്തിലും
ഇരട്ടക്കൊലയിലും കലാശിച്ചത്. അന്വേഷണം ഊർജിതപ്പെടുത്തിയതായി അരുവിക്കര പൊലീസ് അറിയിച്ചു.