Press Club Vartha

ട്രെയിനിൽ യാത്രക്കാരന് നേരേ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവം; പ്രതിയുടെ രേഖാചിത്രം പോലീസ് പുത്ത് വിട്ടു

കോഴിക്കോട്: എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരന് നേരെ പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ചുവന്ന ഷര്‍ട്ടില്‍ തൊപ്പിവെച്ച വ്യക്തിയുടെ രേഖാചിത്രമാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.

പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടതായി ആക്രമണത്തില്‍ പരുക്കേറ്റ് കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സ തേടിയ റാഷിക് മൊഴി നല്‍കിയിരുന്നു. പ്രധാനമായും റാഷികിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ‘വാഷ് ബേസിനടുത്ത് ഒരാള്‍ ഇരിക്കുന്നതായി കണ്ടു. അയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നു. മലയാളിയാണെന്ന് തോന്നില്ലെന്നായിരുന്നു’ റാഷിക് പറഞ്ഞത്.

മധ്യവയസ്‌കനാണ് പ്രതിയെന്ന് ചില യാത്രക്കാര്‍ മൊഴിയുണ്ട്. ആക്രമണം നടത്തിയത് താടിയുളള മധ്യവയസ്‌കനായ ഉത്തരേന്ത്യക്കാരനാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം എലത്തൂരിലെ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. എടിഎസും, എന്‍ഐഎയും വിവരങ്ങള്‍ ശേഖരിക്കും.

Share This Post
Exit mobile version