Press Club Vartha

കഴക്കൂട്ടത്തു നിന്നും കാൽനടയായി ടെക്നോപാർക്കിലെത്താം; വനിതാ ഐ ടി ജീവനക്കാരുടെ ആശ്രയം; നിള സൈഡ് ഗേറ്റ് പൂട്ടരുത്; പ്രതിധ്വനി

തിരുവനന്തപുരം: സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് ടെക്നോപാർക്കിലെ നിള സൈഡ് ഗേറ്റ് പൂട്ടാനൊരുങ്ങി അധികൃതർ. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിധ്വനി. സുരക്ഷ പ്രശ്നങ്ങൾ ആ പ്രദേശത്തുണ്ടെങ്കിൽ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ പോലീസിന്റെയും ടെക്നോപാർക്കിന്റെയും ഭാഗത്തു നിന്ന് ഉണ്ടാകുകയാണ് വേണ്ടതെന്നും രാത്രിയെന്നോ പകലെന്നോ വ്യത്യാസിമില്ലാതെ ഐ ടി ജീവനക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ ഗേറ്റ് പൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെടുന്നു. നിലവിൽ പൊലീസ് സുരക്ഷയുള്ള ഈ ഗേറ്റ് വഴി, ഓഫീസ് തിരിച്ചറിയൽ കാർഡ്‌ കൈവശം വയ്ക്കുന്നവരെ മാത്രമാണ് ടെക്നോപാർക്കിലേക്ക് കടത്തി വിടുന്നത്. മാത്രമല്ല ഇതുവഴി വാഹനങ്ങൾ കയറ്റി വിടാറില്ല.

കഴക്കൂട്ടത്തു നിന്നും കാൽനടയായി ടെക്നോപാർക്കിലേക്ക് എത്താനുള്ള എളുപ്പ മാർഗ്ഗമാണു നിള സൈഡ് ഗേറ്റ്. യൂണിയൻ ഗേറ്റ്, വിക്കറ്റ് ഗേറ്റ്, കാലിഫോർനിയ ഗേറ്റ് എന്നൊക്കെ ഈ വഴിയെ വിളിക്കാറുണ്ട്. ഒരാൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന ഈ ഗേറ്റ് നൂറു കണക്കിന് ഐ ടി ജീവനക്കാരാണ് ഉപയോഗിക്കുന്നത്.

കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന നിരവധി റെസ്റ്റോറന്റുകളും ചായ തട്ടുകളും ഹോസ്റ്റലുകളും ഈ പ്രദേശത്തുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നിരവധി ഐ ടി ജീവനക്കാർ ഈ റെസ്റ്റോറന്റകളെ ആശ്രയിക്കുന്നുണ്ട്. വനിതാ ഐ ടി ജീവനക്കാരാണ് ഈപ്രദേശത്തെ ഹോസ്റ്റലുകൾ, പേയിങ്‌ ഗസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നതിൽ ഭൂരിഭാഗവും. കൂടാതെ ടെക്നോപാർക്ക്‌ ക്യാമ്പസിനു അകത്തു കയറ്റാത്ത ഫുഡ് (സ്വിഗ്ഗി), മറ്റ് ഡെലിവറികൾ എല്ലാം ഇപ്പോൾ നിള സൈഡ് ഗേറ്റ് വഴിയാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ ഉപയോഗപ്രദമായ ഈ സൈഡ് ഗേറ്റ് പൂട്ടരുതെന്നും ഇവിടുത്തെ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Share This Post
Exit mobile version