തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായായ മഴയ്ക്ക് മുന്നറിയിപ്പ്. 24 മണിക്കുറിൽ 7 മുതൽ 11 സെ. മീ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ഉള്ള അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിക്കും. തുടർന്ന് വടക്ക് വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്) കറാച്ചിക്കും ഇടയിൽ ജൂൺ 15 ന് പരമാവധി 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ജുൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.