കഴക്കൂട്ടം: കൊള്ളപ്പലിശയ്ക്ക് പണം വായ്പയായി നൽകി ആളുകളിൽ നിന്നും വൻതുകയും വാഹനങ്ങളും തട്ടിയെടുക്കുന്ന ടീമിലെ രണ്ടുപേർ ശ്രീകാര്യം പോലീസിന്റെ പിടിയിലായി. ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശാസ്തമംഗലം വില്ലേജിൽ കാഞ്ഞിരംപാറ വാർഡിൽ മരുതംകുഴി ജി കെ ടവർ സി 1 അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന അശ്വതി (36 ) യെയും ടിയാളോടൊപ്പം താമസിച്ചുവരുന്ന സുഹൃത്ത് ശാസ്തമംഗലം വില്ലേജിൽ പാങ്ങോട് വാർഡിൽ മരുതംകുഴി കൂട്ടാംവിള കടുകറത്തല വീട്ടിൽ കണ്ണൻ എന്നുവിളിക്കുന്ന ജയകുമാർ ( 40) നെയും ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
ചെറുവയ്ക്കൽ സ്വദേശിനിയായ യുവതിക്ക് ദിവസേന കൊള്ളപലിശനിരക്കിൽ ആറുലക്ഷം രൂപ നൽകിയ പ്രതികൾ യുവതിയിൽ നിന്നും പലിശയിനത്തിൽ മാത്രം മുപ്പത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും ഇന്നോവ ബെലോനോ കാറുകളും തട്ടിയെടുത്തു. തുടർന്ന് പലിശ നൽകാനാകാതെ വന്നപ്പോൾ പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പലിശയിനത്തിൽ വൻതുകകൾ കൈപ്പറ്റിയശേഷം പലിശ മുടങ്ങുന്നപക്ഷം കാർ തുടങ്ങിയ മുതലുകൾ കൈവശപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വൻതുകകളാണ് പ്രതികൾ തട്ടിയെടുത്തിരുന്നത്. പ്രതികളിൽ നിന്നും നിരവധി ബ്ലാങ്ക് ചെക്കുകൾ, മുദ്രപത്രങ്ങൾ, കാറുകൾ എന്നിവ പിടിച്ചെടുത്തു. പോലീസിന്റെ അന്വേഷണത്തിൽ തിരുവനന്തപുരം മരുതംകുഴി കേന്ദ്രീകരിച്ച് ബ്ലാങ്ക് മുദ്രപത്രങ്ങളും ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ട് വാങ്ങി വട്ടിപലിശയ്ക്ക് പണം നൽകുന്ന പ്രമുഖകണ്ണികളാണ് അറസ്റ്റിലായ അശ്വതിയും ജയകുമാറും. കൂട്ടുപ്രതിയായ നാബു എന്നയാൾക്കായി പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ക്രസമാധാനം) അജിത് വി എസ്സിന് യുവതി നേരിട്ട് നൽകിയ പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്ത് ഡി സി പി യുടെ പ്രത്യേക മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിനായി ശ്രീകാര്യം പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. കഴക്കൂട്ടം സൈബർസിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹരി സി എസ്സിന്റെ നേതൃത്വത്തിൽ ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ബിനിഷ് ലാൽ, പോലീസ് സബ് ഇൻസ്പെക്ടർമാരായ ശശികുമാർ, പ്രശാന്ത് എം. പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതീഷ് സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, ബിനു, റെനീഷ്, ജാസ്മിൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. വരുംദിവസങ്ങളിൽ കൂടുതൽപേർ സമാനപരാതികളുമായി വരുമെന്ന് പോലീസ് സംശയിക്കുന്നു.