Press Club Vartha

കനാമേ ചുവടുവെയ്ക്കും നവപൂജിതത്തിന് മിഴിവേകാൻ

പോത്തൻകോട് : ജാപ്പനീസ് നർത്തകി കനാമേ ടോമിയാസുവും ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾക്ക് എത്തുന്നു. 2023 ആഗസ്ത് 22 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കനാമേ ഭരതനാട്യം അവതരിപ്പിക്കും.

ഭാരതീയ സംസ്കാരത്തിന്റെ ഊഷ്മളതയോടുളള ഇഷ്ടമാണ് കനാമേയെ ഭരതനാട്യം പഠിക്കാൻ പ്രേരിപ്പിച്ചത്. തായ്‌‌ലൻഡിലാണ് ജനിച്ചതെങ്കിലും കനാമേ പഠിച്ചതും വളർന്നതും ന്യൂഡൽഹിയിലാണ്. 2018 മാർച്ച് വരെ ന്യൂഡൽഹി ജാപ്പനീസ് സ്കൂളിൽ പഠിച്ചു. നാലു വയസ്സുളളപ്പോൾ മുതൽ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഡൽഹിയിലെ ഗണേശ നാട്യാലയ എന്ന പെർഫോമിംഗ് ആർട്‌സ് സ്ഥാപനത്തിന്റെ സ്ഥാപകയായ സരോജ വൈദ്യനാഥനാണ് ഗുരു.

ഇന്ത്യയുടെയും ജപ്പാന്റെയും സംസ്കാരങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളിൽ എംബസികളുമായി ചേർന്ന പ്രവർത്തിക്കുന്നതിലും കനാമേ സജീവമാണ്. ഡൽഹിയിൽ വെച്ച് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ പരിചയപ്പെട്ടതിലൂടെയാണ് ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കൂടുതൽ അറിയുന്നത്. ഗുരുവിന്റെ മണ്ണിൽ ഭരതനാട്യം അവതരപ്പിക്കണമെന്ന കനാമേയുടെ ആഗ്രഹമാണ് നവപൂജിതദിനത്തിൽ നിറവേറുന്നത്.

Share This Post
Exit mobile version