കോട്ടയം: പൊടുന്നനെയുണ്ടായ കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായി. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മലവെള്ളപ്പാച്ചിലിൽ വൻ കൃഷിനാശവുമുണ്ട്.
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ പലേടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നു ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കി കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടു.ചാത്തപ്പുഴയിൽ വെള്ളം ഉയരുന്നത് ആശങ്കയാകുന്നുണ്ട്. രാത്രിയോടെ മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു.
ഈ റൂട്ടിൽ രാത്രി വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം കലക്റ്റർ വി. വിഘ്നേശ്വരി വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്റ്റർ അറിയിച്ചു.