ഡൽഹി: ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരെയാണ് വിമർശനം. സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാർ നടപടി എടുക്കാത്തതെന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൂടാതെ നിയമസഭ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാത്രമല്ല ഗവർണർമാർ ജനങ്ങള്‍ തിരഞ്ഞെടുത്തവരല്ലെന്ന് ഓര്‍മ വേണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ സമാന ഹര്‍ജികളുമായി കേരളവും തമിഴ്‌നാടും കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിന്റെ ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഗവർണർമാർക്കും സംസ്ഥാന സർക്കാരുകൾക്കും ഇടയിൽ ഇത്തരം വിഷയങ്ങൾ രമ്യമായി തീർക്കാനുള്ള ചർച്ചകൾ നടക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.