തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്ഗരിയെ നേരില്‍ കാണാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലും എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും ഡൽഹിയിലേക്ക് പോകുന്നു. കണിയാപുരം ജംഗ്ഷനില്‍ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യവുമായിട്ടാണ് ഇവർ കേന്ദ്ര മന്ത്രിയെ സമീപിക്കാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് 7ന് ഇരുവരും ഡല്‍ഹി സന്ദര്‍ശിക്കും.
കണിയാപുരത്ത് ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ദേശീയ പാത നിർമ്മാണം ആശാസ്ത്രീയമാണെന്നും ഇതു കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കപ്പെടുകയും ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഇവർ പറയുന്നത്.
ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കണിയാപുരം ജംഗ്ഷനില്‍ നിർദ്ദിഷ്ട 45 മീറ്ററിൽ നിർമ്മിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റർ വീതിയില്‍ ഇരുവശവും കോണ്‍ക്രീറ്റ് മതിലുകള്‍ ഉയർത്തി അതിനുമുകളിലായാണ് പുതിയ പാത നിർമ്മിക്കുന്നത്.
7 സ്പാനുകളുള്ള 210 മീറ്റർ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. ഇതു സംബന്ധിച്ച് മന്ത്രി ജി.ആര്‍. അനിലും, എം.എല്‍.എ കടകംപള്ളി സുരേന്ദ്രനും ജനപ്രതിനിധികളും എല്‍.ഡി.എഫ്. നേതാക്കളും മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. ഈ വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതോടൊപ്പം കേന്ദ്ര മന്ത്രിയെ നേരില്‍ കാണുന്നതിന് മന്ത്രിയ്ക്കും എം.എല്‍.എ യ്ക്കും നിര്‍ദ്ദേശം നല്‍കി.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പ്രപ്പോസൽ തയ്യാറാക്കി എൻ.എച്ച്.ഐ. പ്രോജക്ട് ഡയറക്ടർക്കും റീജിയണൽ ഓഫീസർക്കും മന്ത്രി ജി.ആർ.അനിൽ നൽകിയിരുന്നു. കൂടാതെ കേന്ദ്ര ഉപരിതല-ഗതാഗത മന്ത്രിയ്ക്ക് കത്തും നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കാണാൻ മന്ത്രി ജി.ആർ.അനിലും എം.എൽ.എ. കടകംപള്ളി സുരേന്ദ്രനും ഡൽഹിയിലേയ്ക്ക് പോകുന്നത്.