spot_imgspot_img

പശ്ചിമതീര കനാൽ വികസനം: 325 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമായി

Date:

തിരുവനന്തപുരം: പശ്ചിമ കനാൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സാമൂഹിക സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വലിയ പുരോഗതി സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം കരിക്കകത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലപാത വികസനം അടക്കമുള്ള പദ്ധതികളോട് സഹകരിച്ച ജനങ്ങളോട് സംസ്ഥാന സർക്കാർ നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവളം ബേക്കൽ ജലപാതാ വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. 21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം, കഠിനംകുളം-വർക്കല റീച്ചിനിടയിൽ നിർമിച്ച 4 ബോട്ട് ജെട്ടികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം-തൊട്ടിൽപാലം കനാൽ തീര സൗന്ദര്യവത്ക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നത്. അതോടൊപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും തുടക്കമാകുകയാണ്.

ആക്കുളം ചേറ്റുവ ജലപാത ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രസ്തുത പദ്ധതികളെ എതിർത്തവർ പോലും നിലവിൽ സ്വാഗതം ചെയ്യുന്ന സ്ഥിതി ഉണ്ടായി. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പശ്ചിമതീര വികസനം സാധ്യമാകുന്നത്. ഇത് വിനോദസഞ്ചാരം, ചരക്കുനീക്കം, പൊതു ഗതാഗതം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വിവിധ വകുപ്പുകളുടെയും കിഫ്ബിയുടെയും സഹകരണത്തോടുകൂടെയാണ് നിലവിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. ‘കാര്യക്ഷമതയോടെ ഇത്തരം പദ്ധതികളെ നയിക്കുന്നതിനും പൂർത്തീകരിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചത്.

പദ്ധതിയുടെ ഭാഗമായി വർക്കല, കഠിനംകുളം മേഖലയിൽ 516 കുടുംബങ്ങൾക്ക് പുനരധിവാസപാക്കേജ് ലഭ്യമാക്കി. 86 കോടി രൂപയാണ് ജനങ്ങൾക്ക് നൽകിയത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും കായലുകളുടെയും കനാലുകളുടെയും കാര്യക്ഷമമായ ഉപയോഗം മാറ്റം സൃഷ്ടിക്കും. താരതമ്യേന വേഗതയുള്ള യാനങ്ങൾ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനവും ചരക്കു നീക്കവും കൂടുതൽ വേഗത്തിൽ ആക്കുവാൻ കഴിയും.

മൂന്നു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന വാട്ടർ ക്രൂയിസ് പദ്ധതി മികച്ച ആശയമാണ്. നിലവിൽ മലബാർ റിവർ ക്രൂയിസ് പദ്ധതി വലിയ തോതിൽ വിനോദസഞ്ചാരികൾ സ്വീകരിച്ച് കഴിഞ്ഞു. ബാർജുകൾ ഉപയോഗിച്ച് രാസവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ചരക്കുനീക്കം നടത്തുവാനും നിരത്തിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും. കൊച്ചിൻ റിഫൈനറി, കെ.എം.എം.എൽ തുടങ്ങിയ സ്ഥാപനങ്ങൾ പശ്ചിമ തീരത്തിന്റെ പാർശ്വങ്ങളിൽ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ നമുക്ക് കൂടുതൽ സാധ്യതകൾ നൽകുന്നു.

ഇതോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങളും നാടൻ ഭക്ഷണങ്ങളും നൽകിക്കൊണ്ട് സംസ്ഥാനത്തെ ഉൾനാടൻ ടൂറിസത്തെ അടക്കം കൂടുതൽ പരിപോഷിപ്പിക്കുന്നതിനും പുതിയ തൊഴിൽ വരുമാന സാധ്യതകൾ സൃഷ്ടിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിശിഷ്ടാതിഥിയായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ മാരായ ആന്റണി രാജു, വി.ജോയി, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ്, സിയാൽ എം.ഡി എസ്.സുഹാസ് എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp