കോഴിക്കോട്: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ അപകടം. സംഭവത്തിൽ ഒരു മരണം. നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പര്‍ ബസാണ് അപകടത്തിൽപ്പെട്ടത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് വണ്ടി മറിഞ്ഞത്.
ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കൊല്ലം ആലങ്ങോട് സ്വദേശി അമലാണ് മരിച്ചത്. വണ്ടി മറിഞ്ഞപ്പോൾ ഇയാൾ വാഹനത്തിനടിയിൽ പെട്ടുപോകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ അമൽ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഡ്രൈവർ ഉറങ്ങിപോയതാണ് അപകടം കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.