തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ രണ്ടു പേരെ കഠിനംകുളം പോലീസ് പിടികൂടി. അടിപിടിക്കേസിലെ പ്രതികളായ നബിൻ, കൈഫ് എന്നിവരെയാണ് പിടികൂടിയത്, നിലവിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികളായ നബിൻ, കൈഫ് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനായിരുന്നു കഴിഞ്ഞ ദിവസം പോലീസ് കഠിനംകുളം പുതുകുറിച്ചിയിലെത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ് ജീപ്പിൽ കയറ്റിയിരുന്നു. എന്നാൽ പോലീസിനെ ബന്ദിയാക്കി ഇവരെ ബന്ധുക്കൾ ജീപ്പിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്.
പുതുകുറിച്ചിയിൽ ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തുന്നത്. തുടർന്നാണ് നബിൻ, കൈഫ് എന്നിവരെ പോലീസ് പിടികൂടിയത്. പക്ഷെ ഇവരെ പിടികൂടിയതിൽ പ്രതിഷേധിച്ച് നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും പോലീസിനെ തടയുകയായിരുന്നു. തുടർന്നാണ് പോലീസിനെ ബന്ദിയാക്കി പ്രതികളെ രക്ഷപ്പെടുത്തിയത്.