Press Club Vartha

കര്‍ണാടകയിലെ മണ്ണിടിച്ചില്‍; അർജുന്റെ ലോറി പുഴയിലില്ല

കർണാടക: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദുഷ്‌കരമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. അപകടം നടന്നതിന് സമീപത്തുള്ള പുഴയിൽ ലോറി അകപ്പെട്ടോ എന്ന സംശയത്തെ തുടർന്ന് ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.

നേവിയുടെ ഡൈവര്‍മാരാണ് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തിയത്. എന്നാൽ ലോറി പുഴയിൽ ഇല്ലെന്ന് നേവി അറിയിച്ചു. തുടർന്ന് നേവി സംഘം പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി കുന്നിനടിയിൽ പരിശോധന ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തും. മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും. രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി മേഖലയിൽ കനത്ത മഴ തുടരുകയാണ്. സാങ്കേതിക വിദഗ്ധരും നാവിക സേനയുടെ എട്ട് അംഗ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.

ജൂലൈ 16 ന് രാവിലെയാണ് മണ്ണിടിച്ചിലിൽ പ്രദേശമാകെ തകർന്നത്. ഏകദേശം നാലുദിവസമായി അര്‍ജുനും ലോറിയും മണ്ണിനടിയിലാണ്.

Share This Post
Exit mobile version