നെടുമങ്ങാട് : മുൻഗണന കാർഡുകളായ മഞ്ഞ, പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള മസ്റ്ററിംഗ് നടപടികൾ ജില്ലയിൽ 18 മുതൽ തുടർന്നു വരികയാണെന്നും നിലവിലെ ഉത്തരവനുസരിച്ച് 24 വരെ സംസ്ഥാനത്തെ ഏതു റേഷൻ കടയിലും നേരിട്ടുപോയി മസ്റ്ററിംഗ് നടത്താവുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കിടപ്പു രോഗികളായവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നെടുമങ്ങാട് താലൂക്കിലെ മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും 24 ന് മുമ്പുതന്നെ ഏറ്റവും അടുത്തുള്ള റേഷൻ കടയിൽ എത്തി മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ റേഷൻ കടകളിൽ എത്തി ഇ -പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങിയ മുൻഗണന കാർഡുകളിലെ അംഗങ്ങളും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മസ്റ്ററിംഗ് നടത്തിയവരും പുതുതായി മസ്റ്ററിംഗ് ചെയ്യേണ്ടതില്ല.
ഒരു കാർഡിലെ എല്ലാ അംഗങ്ങളും ഒരേസമയം എത്തി മസ്റ്ററിംഗ് നടത്തേണ്ടതില്ലെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.