തക്കലൈ: ഭിന്നശേഷി മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാനും അവരുടെ ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുവാനും ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ബോധവത്കരണ പരിപാടി ഊര്‍ജം നല്‍കിയെന്ന് കന്യാകുമാരി കളക്ടര്‍ അഴഗുമീന ഐ.എ.എസ് പറഞ്ഞു. ഭിന്നശേഷി മേഖലയ്ക്കായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതയാത്രയുടെ ഭാഗമായുള്ള ബോധവത്കരണ ഇന്ദ്രജാല പരിപാടി കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
ഭിന്നശേഷിക്കാരോടുള്ള ഇടപെടലുകളില്‍ സമൂഹം അറിയേണ്ടുന്ന സാമൂഹിക, മാനുഷിക, വൈകാരിക തലങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ ഇന്‍ക്ലൂസീവ് ഇന്ത്യ ബോധവത്കരണ പരിപാടിയിലൂടെ സാധിക്കും. സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അറിവുകള്‍ ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പരിപാടി ഒരുക്കാന്‍ മുതുകാട് എടുത്ത ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികളും തന്നെ അത്ഭുതപ്പെടുത്തി.
ഭിന്നശേഷി മേഖലയില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിക്ക് മുൻകൈ എടുത്ത മുതുകാടിനെയും കലാപരിപാടികൾ അവതരിപ്പിച്ച ഭിന്നശേഷിക്കുട്ടികളെയും അഭിനന്ദിച്ച ശേഷമാണ് അവർ മടങ്ങിയത്.