തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ആദരം. കാൻസർ നിയന്ത്രണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്കാണ് ആർ സി സിയുടെ ആദരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റുവാങ്ങിയത്. സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട അണ്ടൂർകോണം, കഠിനംകുളം,അഴൂർ, മംഗലപുരം, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ‘ഫസ്റ്റ് ചെക്ക്’ പദ്ധതിക്കാണ് ആദരം. ആർ.സി.സിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ക്യാമ്പിൽ പങ്കെടുത്ത് രോഗനിർണയം നടത്തുന്ന/ രോഗസാധ്യത കണ്ടെത്തുന്നവരുടെ തുടർപരിശോധന ഉറപ്പാക്കുന്നതിലൂടെയും കൃത്യമായ ചികിത്സ ലഭിക്കാനും രോഗം ഗുരുതരമാകാതെ തടയാനും സാധിക്കുന്നു.
2022 മുതലാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ആർ സി സി യുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളിലെ ഗർഭാശയം, സ്തനം, തൊണ്ട എന്നിവയെ ബാധിക്കുന്ന അർബുദമാണ് ക്യാമ്പുകളിലൂടെ മുൻകൂർ നിർണയം നടത്തുന്നത്. 13 ലക്ഷം രൂപയാണ് ഒരു വർഷം ബ്ലോക്ക് പഞ്ചായത്ത് ഫസ്റ്റ് ചെക്ക് പദ്ധതിക്കായി വകയിരുത്തുന്നത്. മാസംതോറും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ രോഗനിർണയം നടത്തുന്ന/ രോഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്കായി ആർസിസി ലേക്ക് മാറ്റും.
നാലായിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇതേവരെ നടന്ന 33 ക്യാമ്പുകളിലായി പരിശോധനയ്ക്കെത്തിയത്. ബ്ലോക്കിൻ്റെ സാമ്പത്തിക പിന്തുണയോടെ 499 പേർ ആർസിസിയിൽ തുടർ പരിശോധനയ്ക്ക് വിധേയരാവുകയും പ്രാഥമിക ലക്ഷണങ്ങളുള്ളവർ പ്രതിരോധ ചികിത്സാമാർഗങ്ങൾ അവലംബിക്കുകയും ചെയ്തു. ഇവരിൽ 15 പേർക്ക് കാൻസർ രോഗം കണ്ടെത്തി ആർസിസിയിൽ ചികിത്സ തുടരുകയാണ്.
ആർ.സി.സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആർ.സി.സി അഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ പഞ്ചായത്ത് അധികൃതരെ ആദരിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കലാവതി എം.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി. ആർ,വൈസ് പ്രസിഡന്റ് അനീജ കെ.എസ്, സെക്രട്ടറി വീണ ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അനിൽ കുമാർ, ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ.ജിജി തോമസ്, ഡോ.ജയകൃഷ്ണൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ, ഡോ.സുഗീത് എം.ടി, ഡോ റോണ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.