തിരുവനന്തപുരം: കേരളത്തിനു അഭിമാനം പകർന്നുകൊണ്ട് നിരവധി ദേശീയ-അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കുതിപ്പു നൽകാൻ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024-നു നവംബർ 28ന് കോവളത്ത് തുടക്കം കുറിക്കുന്നു. ഈ ആഗോള സംഗമത്തിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവു ലോകത്തെ ബോധ്യപ്പെടുത്താനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുന്നതിനും ഹഡിൽ ഗ്ലോബൽ സഹായകമാകും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെവിദഗ്ധര്‍, ഇന്നൊവേറ്റേഴ്‌സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സോഹോ കോര്‍പ്പറേഷനെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, പ്രമുഖചരിത്രകാരനും കലാ-സാഹിത്യ നിരൂപകനുമായ വില്യം ഡാല്‍റിംപിള്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥ് തുടങ്ങിയ പ്രഗദ്ഭർ പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കികേരളത്തെ മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ഹഡിൽ ഗ്ലോബൽ ഊർജ്ജം പകരും.