തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ഓംപ്രകാശിനെ പിടികൂടിയത്.ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്.കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈഞ്ചയ്ക്കലിലെ ബാറിലാണ് സംഘർഷം നടന്നത്. മറ്റൊരു ഗുണ്ടാനേതാവായ ഡാനി ബാറിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തായ നിധിനും. ഇതിനിടയിലാണ് പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറയുകയും. വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തത്. തുടർന്ന് അത് സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.