കഴക്കൂട്ടം: വീടിനകത്തേക്ക് വളർത്ത് നായെ അഴിച്ചുവിട്ട് ഗൃഹനാഥനെ കടിപ്പിക്കുകയും കുപ്പിയിൽ പെട്രോളുമായി എത്തി വീടിന് മുന്നിൽ തീയിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരവധി കേസിലെ പ്രതിയായ കഠിനംകുളം ചിറയ്കൽ ചാരുവിളാകം വീട്ടിൽ കമ്രാൻ എന്ന വിളിക്കുന്ന സമീറിനെ (27) കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. ജ്യാമില്ലാ വകുപ്പ് ചുമത്തി അറസ്റ്രു ചെയ്ത ഇയാളെ നാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കഠിനംകുളം ചിറയ്ക്കലിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. കഠിനംകുളം പൊലീസ് സ്റ്രേഷനിലെ റൗഡി ലിസ്റ്രിൽപ്പെട്ട കമ്രാൻ എന്ന സമീറിനായി രാത്രിയും പകലും പൊലീസ് വ്യാപകമായ തിരിച്ചിൽ നടത്തി കണ്ടെത്താനായില്ല. ഇന്നലെ ചാന്നാങ്കരിയിൽ നിന്നാണ് അറസ്റ്രിലായത്. കുട്ടികളുള്ള വീടിന് മുന്നിലൂടെ വളർത്തുനായയെ കൊണ്ടുപോയത് വിലക്കിയതിനാണ് പ്രതി പോമ്രാൻ ഇനത്തിൽപ്പെട്ട നായുമായി എത്തി സക്കീറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സക്കീറിനെ കടുപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ നായെ തിരിച്ച് കൊണ്ടുപോയ വഴിക്ക് ഇതര സംസ്ഥാന തൊഴിലാളിയെയും കടുപ്പിച്ചു കാലിന് പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായ സമീർ അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിൽ എസ്. അനൂപ്, എ.എസ്.ഐ ജ്യോതിഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, രാജേഷ്കുമാർ, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്രുചെയ്തത്.