തിരുവനന്തപുരം: കഴക്കൂട്ടത്ത് വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന് യുവാവിന്റെ പരാതി. വിജിലൻസ് സി ഐ അനൂപ് ചന്ദ്രനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതെ സമയം സി ഐ യുവാവിനെതിരെയും പരാതി നൽകിയിരിക്കുകയാണ്. തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് സി ഐ പരാതി നൽകിയിരിക്കുന്നത്.
സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനിയുടെ പിആർഒ ആയ കഴക്കൂട്ടം കരിയിൽ സ്വദേശി എസ്.വിനോദ് കുമാറാണ് സി ഐയ്‌ക്കെതിരെ പരാതി നൽകിയിരിയ്ക്കുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴക്കൂട്ടം സെൻ്റ് ആൻ്റണീസ് സ്കൂൾ റോഡിൽ വച്ചാണ് കേസിനാസ്പദമാണ് സംഭവം നടന്നത്. സ്ഥലത്ത് സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടൽ ജോലികൾ നടക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി 10 നായിരുന്നു സംഭവം. സിറ്റി ഗ്യാസ് ലൈനിന്റെ നിർമ്മാണത്തിനായി റോഡ് ബ്ലോക്ക് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് വിനോദ് കുമാർ ആരോപിക്കുന്നത്.
റോഡ് അടച്ചിരുന്ന സമയം ഇതുവഴി കാറിലെത്തിയ അനൂപ് ചന്ദ്രൻ റോഡ് അടച്ചതുമായി ബന്ധപ്പെട്ട് വിനോദിനോട് ചോദിച്ചു. തുടർന്ന് നടന്ന വാക്ക് തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സി ഐ അനൂപ് ചന്ദ്രൻ മദ്യ ലഹരിയിലായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.
അതെ സമയം വിനോദ് കുമാർ തൻ്റെ കാറിലിടിച്ച് ബഹളമുണ്ടാക്കിയെന്നും ജാതിപ്പേര് വിളിച്ച് ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും സി ഐ നൽകിയ പരാതിയിൽ പറയുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ തന്നെ ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് അസഭ്യം പറഞ്ഞുവെന്നും സി ഐ നൽകിയ പരാതിയിൽ ആരോപിക്കുന്നു. കഴക്കൂട്ടം പോലീസിലാണ് പരാതി നല്കിയിരിയ്ക്കുന്നത്.