
വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വച്ചായിരുന്നു ആക്രമണം. സാധനങ്ങൾ വാങ്ങാനായി കടയിൽ പോയി മടങ്ങവെയായിരുന്നു കാട്ടാന ആക്രമണം.
അപകടം നടന്ന സമയം മാനുവിന്റെ ഭാര്യ ചന്ദ്രികയും കൂടെ ഉണ്ടായിരുന്നു. എന്നാൽ മനുവിന്റെ മൃതദേഹം മാത്രമാണ് ആദ്യം കണ്ടെത്തിയത്. കാണാനില്ലെന്ന വിവരത്തെ തുടർന്ന് ഇവർക്കായി പ്രദേശത്ത് തിരച്ചിൽ നടക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ചന്ദ്രികയെ കണ്ടെത്തിയത്.
പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. അതേ സമയം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.