
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലുമാൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മാർച്ച് 8ന് നടന്ന ആഘോഷങ്ങളിൽ മാളിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ചത് വനിതാ ജീവനക്കാരായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് വിവിധ മേഖലകളിൽ നിന്നുള്ള വനിതകളെ തിരുവനന്തപുരം ലുലുമാൾ ആദരിക്കുകയും ചെയ്തു.
തിരുവനന്തപുരം നഗരസഭയിലെ വനിതാ ക്ലീനിങ് സ്റ്റാഫ്, ഹരിത കർമ്മസേനാ പ്രവർത്തകർ, നഗരത്തിൽ ലോട്ടറി വിൽക്കുന്ന വനിതകൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലുലു ഗ്രൂപ്പ് ഉപഹാരങ്ങൾ സമ്മാനിച്ചു. ഇതിനൊപ്പം മാളിലെ വനിതാ ജീവനക്കാരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. മാളിലെത്തിയ വനിതാ ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും ഒരുക്കിയിരുന്നു.
വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകളുടെ കളരിപ്പയറ്റും പഞ്ചഗുസ്തി മത്സരവും ലുലു മാളിൽ സംഘടിപ്പിച്ചു. ബി. സന്ധ്യ ഐപിഎസ്, ഡോ.കെ ഓമനക്കുട്ടി തുടങ്ങിയ പ്രമുഖർ ലുലുവിന്റെ വനിതാദിന പരിപാടികളുമായി സഹകരിച്ചു.


