Press Club Vartha

മംഗലപുരത്ത് ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിന് എസ് ഐ അടങ്ങുന്ന പോലീസ് സംഘത്തിൻ്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: ഉത്സവ ഘോഷയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം.
മുരുക്കുംപുഴ സ്വദേശി ഷിബു (38) നെയാണ് മംഗലപുരം എസ് ഐ വിപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായ മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസി ക്യാമറ ദൃശ്യവും പുറത്തുവന്നു. മക്കളുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഷിബുവിനെ പോലീസ് മർദ്ദിച്ചത്.
ഇക്കഴിഞ്ഞ എട്ടിന് ശനിയാഴ്ച രാത്രി 11 മണിയോടെ ഘോഷയാത്ര കഴിഞ്ഞ് കുട്ടികൾക്ക് കരിമ്പ് വാങ്ങാൻ പോയപ്പോൾ ആയിരുന്നു മർദ്ദനം. എന്നാൽ ഒരു പെറ്റി കേസിൽ പോലും പ്രതിയല്ലാത്ത തന്നെ എന്തിനാണ് മർദ്ദിച്ചതെന്ന് ഷിബുവിന് അറിയില്ല. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇപ്പോൾ ഷിബു ഗവർമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മർദ്ദനത്തിൽ പരിക്കേറ്റ ഷിബുവിന് ഇപ്പോൾ മറ്റൊരാളുടെ  സഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയാണ്. തന്നെ മർദ്ദിച്ച ഉദ്യോഗസ്ഥനെതിരെ നിയമപരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിക്കും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

Share This Post
Exit mobile version