
കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. കോഴിക്കോട് പേരോട് എംഐഎം എച്ച്എസ് സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടൻ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. കല്ലാച്ചിയിലെ ഹോട്ടലിന്‍റെ പുറത്ത് വെച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ 4 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.
മർദനത്തിൽ വിദ്യാർത്ഥിയുടെ കർണ്ണപുടത്തിന് പരിക്കേറ്റിരുന്നു.ആന്‍റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും റാഗിങ് സംബന്ധിച്ച വകുപ്പുകൾ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു.