
തിരുവനന്തപുരം:കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ എന്നിവരോട് ആവശ്യപ്പെട്ടു.
നിലവിൽ ഉണ്ടായിരുന്ന തുകയുടെ ഇരട്ടിയിൽ അധികമാണ് ഇപ്പോഴത്തെ പുതിയ കരാപ്രകാരമുള്ള വർദ്ധന. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ നിരക്കിനേക്കാൾ 30 മുതൽ 40 ശതമാനം കൂടുതലാണിത്. വരുമാനം ഉണ്ടായിട്ടും റെയിൽവേയുടെ പട്ടികയിൽ ‘സി’ കാറ്റഗറിയിൽ പോലും സ്ഥാനം ഇല്ലാത്ത കഴക്കൂട്ടം സ്‌റ്റേഷൻ പാർക്കിംഗിന് ‘എ’ കാറ്റഗറി യെക്കാൾ ഉയർന്ന തുകയാണ് ഈടാക്കുന്നത്.
റെയിൽവേയുടെ നോൺ സബർബൻ ഗ്രൂപ്പിൽ (എൻ എസ് ജി) തിരുവനന്തപുരത്തിന് രണ്ടാം സ്ഥാനവും, കഴക്കൂട്ടത്തിന് അഞ്ചാം സ്ഥാനവും ആണുള്ളത്.
തിരുവനന്തപുരം സെൻട്രലിൽ 2 മണിക്കൂർ വരെ സൈക്കിളിന് രണ്ട് രൂപ, ഇരുചക്ര വാഹനത്തിന് അഞ്ചും, ആട്ടോ-കാർ എന്നിവയ്ക്ക് 25 ും ബസ് – മിനി ബസ് എന്നിവയ്ക്ക് 120 രൂപയും ഈടാക്കുമ്പോൾ കഴക്കൂട്ടത്ത് ഇത് 5, 10, 30, 130 രൂപ ക്രമത്തിലാണ്. രണ്ടു മുതൽ 8 മണിക്കൂർ വരെ 5, 15, 40, 250 രൂപ ക്രമത്തിൽ സെൻട്രൽ സ്റ്റേഷനിൽ വാങ്ങുമ്പോൾ കഴക്കൂട്ടത്ത് 10, 20, 50, 270 രൂപയും ആണ്.
എട്ടു മുതൽ 24 മണിക്കൂറിന് സെൻട്രൽ സ്റ്റേഷനിൽ 5, 20, 60, 360 രൂപ എന്നത് കഴക്കൂട്ടത്ത് 10, 30, 80, 380 രൂപയുമാണ്. 24 മുതൽ 48 മണിക്കൂർ വരെയും, 48 മുതൽ 72 മണിക്കൂർ വരെയും, 72 മുതൽ 96 മണിക്കൂർ വരെയും ഫീസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനെക്കാൾ ഇരട്ടിയാണ് കഴക്കൂട്ടത്ത്.
ഇവിടെ ഹെൽമറ്റ് ഉണ്ടെങ്കിൽ പത്ത് രൂപ അധികമായും നൽകണം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനെക്കാൾ കുറവ് പാർക്കിംഗ് ഫീസ് ഈടാക്കേണ്ട സ്ഥാനത്ത് അതിനേക്കാൾ ഉയർന്ന തുകയാണ് കഴക്കൂട്ടത്തിൽ ഇടാക്കുത്തത്. നിലവിൽ കഴക്കൂട്ടത്ത് ഉണ്ടായിരുന്നതിനേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴത്തെ നിരക്കും.
സ്റ്റേഷൻ വരുമാനം വർദ്ധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുക്കുന്നതിൽ കഴക്കൂട്ടം സ്റ്റേഷനിനോട് റെയിൽവേ പുലർത്തുന്നത് തികഞ്ഞ അവഗണനയുമാണ്. പ്രതിദിനം ശരാശരി 10,000ത്തിലധികം യാത്രക്കാരാണ് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. പാർക്കിംഗ് ഫീസ് കുത്തനെ വർധിപ്പിച്ചതിനു പിന്നിൽ അഴിമതി സംശയിക്കുന്നു. റെയിൽവേയുടെ പേരിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കണം. നിരക്ക് വർദ്ധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജോൺ വിനേഷ്യസ് അറിയിച്ചു.


