
മലപ്പുറം: പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ. തന്റെ വീട്ടിൽ അർധരാത്രി 12 മണിക്ക് പരിശോധന നടത്താൻ എത്തുമെന്ന് പോലീസ് അറിയിച്ചുവെന്നും ഇത് തികച്ചും അസാധാരണമാണെന്നും യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറിയിച്ചു.
12 മണിക്ക് ശേഷം വീട്ടിൽ പൊലീസെത്തുമെന്നാണ് അറിയിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് രണ്ടു പോലീസുകാർ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചത്. മാത്രമല്ല വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇതുവഴി പോലീസ് ചെയ്യുന്നതെന്നും സിദ്ദിക്ക് കാപ്പൻ പറഞ്ഞു.
സാധാരണ പരിശോധന മാത്രമാണ് എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ കേരളാ പൊലീസ് അന്വേഷിക്കുന്ന ഒരു കേസും നിലവിലില്ല. പിന്നെ എന്തിനാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല രാത്രി 12 മണിക്ക് ശേഷം താൻ തന്‍റെ വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദീഖ് കാപ്പൻ വ്യക്തമാക്കി.
ഇന്നലെ അർധരാത്രി 12മണിക്കുശേഷം വീട്ടിൽ പരിശോധനക്ക് എത്തുമെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. പക്ഷെ സംഭവം വാർത്തയായതിനു പിന്നാലെ പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നില്ല. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നും പിന്നീട് അത് ഒഴിവാക്കിയെന്നുമാണ് പോലീസിന്റെ വിശദീകരണം.