
കഴക്കൂട്ടം: ദേശിയ പാതയിൽ പള്ളിപ്പുറത്ത് വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കുയാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം സി ആർ പി എഫിന് സമീപം ബിസ്മി മൻസിലിൽ അനസ് – ഷമീന ദമ്പതികളുടെ മകൻ ആഷിഖ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വെളുപ്പിന് ഒരുമണിയോടെ ദേശിയ പാതയിൽ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം.
കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ആഷിഖ് ഓടിച്ചിരുന്ന ബുള്ളറ്റും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ പൊലീസും കരാർ കമ്പനിയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സർവീസു റോഡുവഴി പോകേണ്ട ബസ് ഭാഗികമായി പൂർത്തിയാക്കി പുതിയ ഹൈവേയിലേക്ക് ബസ് ഗതിമാറി വൺവേ തെറ്റിച്ചാണ് വന്നതെന്നാണെന്നാണ് മംഗലപുരം പൊലീസ് നൽകുന്ന വിവരം. ഇതേ സ്ഥലത്ത് അപകടം നിത്യസംഭവമാണ്. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗും കാരണം ഒട്ടനവധി ജീവനുകളാണ് ഇവിടെ നഷ്ടപ്പെട്ടിട്ടുള്ളത്.
സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. സിവിൽ എൻജിനീയറിംഗ് (ബി.ടെക്) കഴിഞ്ഞ ശേഷം വെറുതെ നിൽക്കുകയായിരുന്ന ആഷിഖ് കഴക്കൂട്ടത്ത് ബന്ധുവിന്റെ ഫർണിച്ചർ കടയിൽ പോകാറുണ്ട്. അവിടെ പോയിട്ട് രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഗൾഫിലുള്ള പിതാവ് ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിയ ശേഷം മൃതദേഹം പള്ളിപ്പുറം പായ്ചിറ ആനൂർപള്ളിയിൽ കബറടക്കും സഹോദരൻ അഭിനാൻ ആക്കുളം എം.ജി.എം സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ്