Press Club Vartha

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസാണ് പിടിയിലായത്. പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിടെയാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.

അപ്പാർട്ട്മെന്‍റിന്‍റെ കെട്ടിട നമ്പർ ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ ഉദ്യോഗസ്ഥനെ സമീപിച്ചത്. പാച്ചല്ലൂർ സ്വദേശിയായ പരാതിക്കാരന്‍റെ വിദേശത്തുള്ള മരുമകനാണ് അപ്പാർട്ട്മെന്റ് പണികഴിപ്പിക്കുന്നത്. കെട്ടിട നമ്പർ ലഭിക്കുന്നതിനു വേണ്ടി നേരത്തെ തന്നെ കംപ്ലീഷൻ പ്ലാനും രേഖകളും തിരുവല്ലം സോണൽ ഓഫീസിൽ സമർപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി പത്രോസ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സ്ഥല പരിശോധന നടത്തി. അതിനുശേഷം അപ്പാർട്ട്മെന്‍റിന് പുറത്ത് ശൗചാലയം പണിയണമെന്ന് നിർദ്ദേശം നൽകി മടങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ നിർദേശാനുസരണം ശൗചാലയം പണികഴിപ്പിച്ചു. അതിനു ശേഷം പരാതിക്കാരൻ ഓവർസിയറെ പല പ്രാവശ്യം വിവരം അറിയിച്ചിരുന്നു. എന്നാൽ ഇവർ പരിശോധനയ്ക്ക് എത്തിയിരുന്നില്ല.

തുടർന്ന് ബുധനാഴ്ച തിരുവല്ലം സോണൽ ഓഫീസിൽ പോയി പരാതിക്കാരൻ ഇയാളെ നേരിൽ കണ്ടു. ഇതിനുശേഷം ഓവർസിയർ പരാതിക്കാരനോടൊപ്പം സ്ഥലപരിശോധനയ്ക്കെത്തി. എന്നാൽ, ഇവിടെ എത്തിയപ്പോൾ കെട്ടിട നിർമ്മാണത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഓവർസീയർ പരാതിക്കാരനെ അറിയിക്കുകയും പരാതിയിൽ ഇതുവരെ താൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും താൻ കണ്ണടച്ചാൽ മാത്രമേ കെട്ടിട നമ്പർ ലഭിക്കുകയുള്ളുവെന്നും പരാതിക്കാരനോട് പറഞ്ഞു. മാത്രമല്ല 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തു.

ഇതോടെ പരാതിക്കാരൻ തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് നിർദേശം അനുസരിച്ച് ഓഫീസിലെത്തിയ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടികൂടുകയായിരുന്നു.

Share This Post
Exit mobile version