
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്.
വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആണ് ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം ഇടിച്ചു കയറിയത്. അതിനു ശേഷമാണ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയത്.
കാർ അമിതവേഗതയിലായിരുന്നു. വട്ടിയൂർകാവ് സ്വദേശി വിഷ്ണുനാഥ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടുകയും കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.ഇയാളുടെ അലക്ഷ്യമായ ഡ്രൈവിങ് കാരണമാണ് അപകടം ഉണ്ടായത്. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
