
കഴക്കൂട്ടം: റെയിൽവേ റിക്രൂട്ടുമെന്റ് പരീക്ഷയ്ക്കിടെ മാതാവിന്റെ അസാന്നിദ്ധ്യത്തിൽ മുലപാലിനായി കരഞ്ഞു തളർന്ന് അവശനായ കുഞ്ഞിനെ തുണയായ ആർ.പി.എഫുകാരി പാർവതിക്ക് അഭിനന്ദന പ്രവാഹം. പാർവതിയുടെ സംയോജിതമായ ഇടപെടലിൽ തിരുവനന്തപുരം റെയിൽവേ റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ അമൻദീപ് കപൂറും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സർട്ടിഫിക്കറ്റും സമ്മാനവും നൽകി ആദരിച്ചു. കൂടാതെ ഒപ്പം ജോലി ചെയ്യുന്ന മറ്റു ഉദ്യോഗസ്ഥരും പാർവതിയുടെ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് ഫോണിലൂടെയും അല്ലാതെയും അഭിന്ദനം അറിയിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം ആറ്റിങ്ങൽ രാജധാനി എഞ്ചിനീയറിംഗ് കോളേജിൽ റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയെഴുതാനായി തിരുവനന്തപുരം പേട്ട സ്വദേശിയായ അഞ്ജന എസ് കൃഷ്ണ, ഭർത്താവ് നിധിനും തങ്ങളുടെ രണ്ടുമാസം പ്രായമായ കുഞ്ഞുമായി എത്തിയത്. അഞ്ജന പരീക്ഷ ഹാളിൽ പ്രവേശിക്കുകയും നിധിൻ കുഞ്ഞുമായി പുറത്തു നിൽകുന്ന സമയത്ത് മുലപാലാനായി കുഞ്ഞ് നിർത്താതെ കരഞ്ഞ് അവശനാകുവാനും തുടങ്ങി.
അഞ്ജനയ്ക്ക് ഈ സമയം പരീക്ഷ ആരംഭിച്ചതിനാൽ പുറത്തു വരുവാനും കഴിഞ്ഞില്ല . കുഞ്ഞിന്റെ ഒച്ചത്തിലുള്ള കരച്ചിൽ കേട്ടു അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊച്ചുവേളിയിലെ ആർ.പി.എഫ് വനിതാ കോൺസ്റ്റബിൾ കൊല്ലം സ്വദേശിനിയായ പാർവ്വതി സമയോചിതമായി ഇടപെടുകയും കുഞ്ഞിന് മുലപ്പാൽ നൽകി സമാധാനിപ്പിച്ചത്.
