
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റ് റോബിൻ ജോൺസനാണ് പൊലീസിൻ്റെ പിടിയിലായത്. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന വ്യക്തിയാണ് റോബിൻ.
മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ. പിസ്റ്റലില്‍ തിരയുണ്ടായിരുന്നതിനാല്‍ ഭയാന്തരീക്ഷം സൃഷ്ടിക്കാൻ ഇടയായി.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അപകടം നടന്നതിന് പിന്നാലെ സ്ഥലത്ത് തര്‍ക്കമുണ്ടാവുകയും ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് റോബിൻ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭീഷണിപ്പെടുത്തിയത്.
തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംഭവം നടന്ന ഉടനെ പൊലീസ് സ്ഥലത്തെത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
