
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കോവളം ജംഗ്ഷന് സമീപം ബൈപ്പാസിലാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി വി.പി. വിനീഷ് ( 28) ആണ് മരിച്ചത്. സ്വകാര്യ നിര്‍മാണ കമ്പനിയുടെ സൂപ്പര്‍വൈസറായിരുന്നു വിനീഷ്.
ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കോവളം ട്രാഫിക് സിഗ്‌നലിന് ശേഷമുള്ള സ്ഥലത്തായിരുന്നു അപകടം. പെരുമ്പഴൂതൂരില്‍ നിന്ന് ചാക്ക ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം ലോറി ടയര്‍ പഞ്ചറായി റോഡിന്‍റെ വശത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഇതിന് പിന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറിയായിരുന്നു അപകടം.
തമിഴ്നാട്ടില്‍ നിന്ന് സിമെന്‍റ് കയറ്റിവന്ന ലോറിയിലാണ് വഴിയിൽ പാർക്ക് ചെയ്തിരുന്നത്. ലോറിയുടെ അടിഭാഗത്ത് തെറിച്ച് വീണ വിനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
