
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും പോലീസ് മാറി മാറി ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ ദുരൂഹതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പിതാവ് ഷിജിന് കുട്ടിയോട് താൽപര്യ കുറവുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മാത്രമല്ല കുഞ്ഞിന് പരിക്കുപറ്റിയതിനെ തിരക്കിയപ്പോൾ അച്ഛനും അമ്മയും നൽകിയിൽ വ്യത്യാസം ഉണ്ട്. കുഞ്ഞിന്റെ കൈക്ക് ഏറ്റ പൊട്ടലിനെ പറ്റി ചോദിച്ചപ്പോഴാണ് മൊഴിയിൽ വൈരുധ്യം ഉണ്ടായത്.
ഒരാഴ്ച്ച മുൻപ് സംഭവിച്ച പരിക്കെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ മൂന്ന് ആഴ്ച്ച മുൻപാണ് പൊട്ടൽ ഉണ്ടായതെന്നാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിലെ ഡോക്ടർ ആണ് മൊഴി നൽകിയത്.
ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും ഒന്നിച്ചുതാമസം ആരംഭിച്ചത്. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. കുഞ്ഞിന്റെ വായില്‍ നിന്നും നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
