Press Club Vartha

മണിയന്‍പിള്ള രാജുവിന്റെ കാര്‍ വന്നത് ഇന്‍ഡിക്കേറ്റര്‍ ഇട്ട്; ബൈക്ക് വന്നത് അമിതവേഗത്തില്‍; അപകടത്തിന്റെ കഥ പറഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് സമീപം നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ക്ലബില്‍ നിന്ന് പുറത്തേക്ക വരാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് തിരിക്കുന്ന കാറില്‍ ബൈക്ക് അതിവേഗത്തില്‍ വന്നിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്ക് കാറിലിടിച്ച് മറിഞ്ഞ് യുവാക്കള്‍ റോഡിന്റെ എതിര്‍വശത്തേക്കാണ് തെറിച്ചു വീണത്. ഈസമയം അതുവഴി മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിസിടിവി ദൃശ്യങ്ങളില്‍ സത്യം വെളിപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അതേസമയം കാര്‍ ദൂരെനിന്നു കണ്ടിരുന്നുവെന്നും അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നുവെന്നും പരുക്കേറ്റ സൂരജ് പറഞ്ഞു.

ട്രിവാന്‍ഡ്രം ക്ലബില്‍നിന്നു പുറത്തു വരുന്ന രാജു ഇന്‍ഡിക്കേറ്റര്‍ ഇട്ട് രാജു കാര്‍ നിര്‍ത്തി ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് റോഡിലേക്ക് ഇറക്കിയത്. കാര്‍ വരുന്നത് കണ്ട് ഒരു സ്‌കൂട്ടര്‍ യാത്രികന്‍ നിര്‍ത്തുന്നതും ദൃശ്യത്തിലുണ്ട്. കാര്‍ റോഡിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്നഘട്ടത്തിലാണു വേഗത്തിലെത്തിയ ബൈക്ക് കാറിന്റെ മുന്‍വശത്ത് ഇടിച്ചത്. കാറിന്റെ മുന്‍വശത്തെ ബമ്പര്‍ പൂര്‍ണമായും ഇളകിത്തെറിച്ച് റോഡില്‍ വീണു.

അപകടത്തിനു ശേഷം ഇളകിക്കിടക്കുന്ന ബമ്പറുമായി രാജു കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഈ സമയം പരുക്കേറ്റ് റോഡില്‍ കിടന്ന യുവാക്കളെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സത്യം വെളിപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും രു വര്‍ഷത്തിലേറെയായി ഒരു തുള്ളി മദ്യം കഴിക്കാറില്ലെന്നും രാജു പറഞ്ഞു. രോഗാവസ്ഥയും ശാരീരികപ്രശ്നങ്ങളും കാരണമാണു നിര്‍ത്താതെ പോയതെന്നും ശരിക്കും പേടിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാര്‍ ദൂരെനിന്നു കണ്ട് ഹോണ്‍ അടിച്ചെന്നും ഹോണ്‍ കേട്ട് കാര്‍ നിര്‍ത്തിയിരുന്നെന്നും പരുക്കേറ്റ സൂരജ് പറഞ്ഞു. കയറിപ്പോകാന്‍ പറ്റുമെന്നാണ് കരുതിയത്. അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് കാര്‍ മുന്നോട്ട് എടുത്ത് ഇടിക്കുകയായിരുന്നുവെന്നും സൂരജ് പറഞ്ഞു.

Share This Post
Exit mobile version