Press Club Vartha

കേരളം സ്തംഭിക്കും; ദേശീയ പണിമുടക്ക് 12ന്; എന്‍ജിഒ സംഘ് പണിമുടക്കില്‍ പങ്കെടുക്കില്ല; അവശ്യ സേവനങ്ങളെ ബാധിക്കില്ല

|REPRESENTATIVE IMAGE|

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 12ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്നും ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍, സ്പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവയും സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങി അവശ്യ സര്‍വീസുകളെ ഒഴിവാക്കിയാണ് 24 മണിക്കൂര്‍ പണിമുടക്ക് നടക്കുക.

അവശ്യ സേവനം ഒഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കും. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും പൂര്‍ണമായും നിശ്ചലമാകും. ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഐഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കും.

ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടോര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണന-വിതരണ രംഗത്തെയും വഴിയോര കച്ചവട രംഗത്തെയും തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, എന്നീ വിഭാഗങ്ങളും ഐടി, ചെറുകിട വ്യവസായം, സ്വകാര്യ-പൊതുമേഖല വ്യവസായങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. അതേസമയം, പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് എന്‍ജിഒ സംഘ് അറിയിച്ചിട്ടുണ്ട്. സംസ്ഥാന ജീവനക്കാരുമായി യാതൊരു പുലബന്ധവും ഇല്ലാത്ത വിഷയങ്ങള്‍ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്കാണിതെന്നും എന്‍ജിഒ സംഘ് ആരോപിച്ചു.

Share This Post
Exit mobile version