
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കരുത്തരായ ഹൈദരാബാദിനെ പരാജയപ്പെടുത്തി മലയാളി പെണ്‍കുട്ടികളുടെ തേരോട്ടം. 141 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം നേടിയത്. 290 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ്, 38 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഷാനിയും സജന സജീവനുമാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ഷാനി ബാറ്റിംഗിലും തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഷാനിയും അക്ഷയയും ചേര്‍ന്ന് നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 62 റണ്‍സെടുത്ത ഷാനി റണ്ണൗട്ടായി. മറുവശത്ത് ഉറച്ചുനിന്ന അക്ഷയ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ 42-ാം ഓവറിലാണ് പുറത്തായത്. 11 ബൗണ്ടറികളടങ്ങുന്നതാണ് അക്ഷയയുടെ 97 റണ്‍സിന്റെ ഇന്നിംഗ്‌സ്. പ്രണവി ചന്ദ്രന്‍ 26 റണ്‍സും ദൃശ്യ ഐ വി 37-ഉം സജന സജീവന്‍ 15 പന്തുകളില്‍ 29-ഉം റണ്‍സ് നേടി. ഹൈദരാബാദിന് വേണ്ടി കുഞ്ചല നിതീഷ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. തൃഷയും സന്ധ്യ ഗോറയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തൃഷ 52-ഉം സന്ധ്യ 55-ഉം റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ കൂട്ടത്തോടെ പരാജയപ്പെട്ടത് ഹൈദരാബാദിന് തിരിച്ചടിയായി. വെറും 50 റണ്‍സെടുക്കുന്നതിനിടെയാണ് അവരുടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായത്. 148 റണ്‍സിന് ഹൈദരാബാദ് ഓള്‍ ഔട്ടായി. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ ഷാനിയും സജന സജീവനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ എസ് ആശ രണ്ട് വിക്കറ്റുകളും നേടി.