Press Club Vartha

കൊച്ചിയിലെ ആറുവയസ്സുകാരിയുടെ മരണം; കുട്ടിയെ പീഡിപ്പിച്ചത് ആരെന്നറിയാന്‍ ഡിഎന്‍എ പരിശോധന

കൊച്ചി: എറണാകുളത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായെന്ന കേസില്‍ നിര്‍ണായകമായേക്കാവുന്ന ഡിഎന്‍എ പരിശോധന നടത്തും. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോള്‍ തന്നെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശേഖരിച്ച സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പും കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ആരാണ് ഇതിനു പിന്നിലെന്നു ശാസ്ത്രീയമായി കണ്ടെത്താനാണ് പൊലീസിന്റെ തീരുമാനം. പീഡനത്തെക്കുറിച്ച് അറിയില്ലെന്നാണ് അമ്മ മൊഴി നല്‍കിയിരിക്കുന്നത്. അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഇതോടൊപ്പം സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയുമെടുക്കും. പീഡന വിവരം മറ്റാര്‍ക്കെങ്കിലും അറിയാമായിരുന്നോ എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.

കഴിഞ്ഞ മാസം 16നായിരുന്നു എളമക്കര പോണേക്കരയിലെ വാടക വീട്ടില്‍ ആലപ്പുഴ സ്വദേശിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി വിഷം ഉള്ളില്‍ച്ചെന്നും പിതാവ് തൂങ്ങി മരിക്കുകയുമായിരുന്നു. മകളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പിതാവിന് കുറച്ചു കാലമായി ജോലിയില്ലായിരുന്നു. ഇതിനൊപ്പം മദ്യപാനവും കൂടിയായതോടെ കുടുംബത്തില്‍ വഴക്കും പതിവായിരുന്നു. ഇടപ്പള്ളിയിലെ ഒരു മാളില്‍ ജോലി ചെയ്തിരുന്ന കുട്ടിയുടെ അമ്മ ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭര്‍ത്താവിനെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഓഫ് ആയിരുന്നു. ബന്ധു കൂടി എത്തി വീടു തുറന്നപ്പോഴാണ് പിതാവിനെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share This Post
Exit mobile version