Press Club Vartha

വിഴിഞ്ഞം തീരദേശ ഹൈവേ നിര്‍മാണം ആരംഭിക്കുന്നു; സ്ഥലം ഏറ്റെടുക്കല്‍ അന്തിമഘട്ടത്തില്‍; സ്ഥലം ഏറ്റെടുത്താലുടന്‍ നിര്‍മാണം

|REPRESENTATIVE IMAGE|

തിരുവനന്തപുരം: വിഴിഞ്ഞം വഴിയുള്ള നിര്‍ദിഷ്ട തീരദേശ ഹൈവേ നിര്‍മാണം ഒരുവര്‍ഷത്തിനകം ആരംഭിക്കാനാകുമെന്ന് അധികൃതര്‍. ഭൂമി ഏറ്റെടുക്കലിനോട് അനുബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് 11 വണ്‍ നോട്ടീസ് ഇറക്കിയതായും 19 വണ്‍ നോട്ടിഫിക്കേഷന്‍ കൂടി ഇറങ്ങുന്നതോടെ ഭൂമി ഏറ്റെടുക്കലിന് നടപടികളാകുമെന്നും അധികൃതര്‍ അറിയിച്ചു. നിശ്ചയിച്ചതു പ്രകാരം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനായാല്‍ ഒരുവര്‍ഷത്തിനകം നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല.

മൂല്ലൂര്‍ കലുങ്കുനടയില്‍ വരുന്ന ഫ്‌ലൈ ഓവറിനായി അധിക സ്ഥലം ഏറ്റെടുക്കുന്നതിന് പദ്ധതി രേഖയ്ക്കു നേരത്തെ തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പാത കടന്നു പോകുന്ന കോട്ടുകാല്‍, വിഴിഞ്ഞം, വെങ്ങാനൂര്‍ വില്ലേജുകളിലാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ആദ്യ റീച്ച് തുടങ്ങുന്ന സംസ്ഥാന അതിര്‍ത്തിയായ കൊല്ലങ്കോട്, പൂവാര്‍, കരുംകുളം വില്ലേജുകളില്‍ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇവിടങ്ങളില്‍ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവച്ചു.

ഇവിടങ്ങളില്‍ കടല്‍ഭിത്തി ബലപ്പെടുത്തിയ ശേഷം മതി തീരദേശപാത വികസനം എന്ന് ആവശ്യമുയര്‍ന്നതോടെ അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു റോഡുകള്‍ വന്നു ചേരുന്ന ചൊവ്വര, വിഴിഞ്ഞം ജംക്ഷനുകളും വികസിപ്പിക്കും. ഇവിടങ്ങളില്‍ റൗണ്ട് എബൗട്ടുകള്‍ വരും. ജില്ലയില്‍ 4 റീച്ചുകളിലായിട്ടാവും പാത നിര്‍മാണം. കൊല്ലങ്കോടു മുതല്‍ കോവളം ജംക്ഷന്‍ വരെ നീളുന്ന 18.9 കിലോമീറ്ററാണ് ആദ്യ റീച്ച്. കോവളം ജംക്ഷനില്‍ നിന്നു കുമരിച്ചന്ത വരെ ബൈപാസിലുടെയാവും പാത. 14 മീറ്ററാണ് പാതയുടെ ആകെ വീതി. ഇതില്‍ രണ്ടര മീറ്റര്‍ സൈക്കിള്‍ ട്രാക്ക് ആവും.

Share This Post
Exit mobile version