Press Club Vartha

പാങ്ങോട് സൈനിക കേന്ദ്രത്തിലെ ആനക്കൊമ്പ് മോഷണം; ഉന്നത കരസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും സംശയം

തിരുവനന്തപുരം: അതിസുരക്ഷാ മേഖലയായ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്ന് രണ്ടുകോടി രൂപ വിലയുള്ള രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയ കേസില്‍ സംശയമുന നീളുന്നത് ഉന്നത കരസേനാ ഉദ്യോഗസ്ഥനിലേക്കും ഭാര്യയിലേക്കും. ഉത്തരേന്ത്യക്കാരനായ ഉന്നത ഉദ്യോഗസ്ഥനെയാണ് സംശയം. കരസേനയില്‍ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതു വ്യക്തമായ ശേഷം അന്വേഷണം മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം നടന്ന 11ന് അര്‍ദ്ധരാത്രി മദ്രാസ് റെജിമെന്റിന് പിന്നിലെ കാടുമൂടിയ സ്ഥലത്തുനിന്ന് ഇവര്‍ പുറത്തേക്ക് വരുന്ന സി.സിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.

പട്ടാള ക്യാമ്പിനകത്തെ റോഡിലേക്ക് കാടുമൂടിയ പ്രദേശത്തുനിന്ന് ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍, ഇവര്‍ക്ക് ആനക്കൊമ്പ് കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ദൃശ്യങ്ങള്‍ കിട്ടിയതോടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം മെല്ലെപ്പോക്കിലാണെന്നാണ് ആക്ഷേപം, രണ്ടാഴ്ചയായിട്ടും പ്രതികളിലേക്കെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം സൈന്യത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ഓഫീസേഴ്‌സ് മെസിലെ ഡി.ജെ പാര്‍ട്ടിക്കിടെയാണ് കൊമ്പുകള്‍ കവര്‍ന്നത്. ആനക്കൊമ്പുകള്‍ ക്യാമ്പിന് പുറത്തു കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസ് ആവര്‍ത്തിക്കുന്നത്. രണ്ട് ഡിവൈ.എസ്.പിമാര്‍,4 സി.ഐമാര്‍,6 എസ്.ഐമാര്‍ അടക്കം ഇരുപതോളം പേരുള്ള നാല് സംഘങ്ങള്‍ മദ്രാസ് റെജിമെന്റ് വളപ്പ് അരിച്ചു പെറുക്കിയെങ്കിലും ആനക്കൊമ്പ് കണ്ടെത്താനായിട്ടില്ല. ചതുപ്പുകളും തോടുകളുമുള്ള കാടുപിടിച്ചുകിടക്കുന്ന പട്ടാള ക്യാമ്പിന്റെ വളപ്പിലാകെ പരിശോധിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല.

ക്യാമ്പിന്റെ വളപ്പില്‍ ആനക്കൊമ്പുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. തുടക്കത്തില്‍ അന്വേഷണവുമായി സഹകരിക്കാതിരുന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. മെസിലേക്കുള്ള പ്രവേശന കവാടത്തില്‍ മാത്രമാണ് സി.സി ടിവി കാമറയുള്ളത്. ഇതുവഴി പുറത്തേക്കുപോയ വാഹനങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും വിശദമായി അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല.

Share This Post
Exit mobile version