
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം സാധാരണ നിലയിലാക്കാന്‍ നടപടി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടിരുന്ന വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണം ഉടന്‍ സാധാരണ നിലയിലാകും. കഴിഞ്ഞ ദിവസം മേയര്‍ വി.വി.രാജേഷ് വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ വേഗത്തിലാക്കി. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജലവിതരണം തടസപ്പെടുന്നത് വന്‍ ജനരോഷത്തിനിടയാക്കുമെന്നതിനാലാണ് അടിയന്തിര നടപടി.
ഓരോ പ്രദേശത്തും അറ്റകുറ്റപ്പണിയടക്കം വിവിധ കാരണങ്ങളാണ് ജലവിതരണം തടസപ്പെട്ടത്. താഴേതട്ടിലടക്കം ആവശ്യമായ ഇടപെടല്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി മേഖലാ ചീഫ് എന്‍ജിനിയറടക്കം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ ആവശ്യമായ ഇടങ്ങളില്‍ അടിയന്തരമായി പൂര്‍ത്തിയാക്കും.
അതേസമയം ആറ്റുകാല്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശമായ മണക്കാട് മേഖലയില്‍ ഇപ്പോഴും ജലവിതരണം സംബന്ധിച്ച് പരാതികളുണ്ട്. ഇവിടെ മിക്കയിടങ്ങളിലും രാത്രി വൈകി മാത്രമാണ് പൈപ്പില്‍ വെളുമെത്തുന്നത്. നേരംപുലരും മുന്‍പ് ജലവിതരണം നിലയ്ക്കുകയും ചെയ്യും. ഇത് ജലശേഖരണ സംവിധാനങ്ങളില്ലാത്ത വ്യപാരസ്ഥാപനങ്ങള്‍ക്കടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നു.