
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വാമനപുരം സ്വദേശി കാണിച്ചോട്ട് സുഭാഷ് അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി തന്നെ പൊലീസിനോട് സമ്മതിച്ചു. കട്ടിലില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ല. അമ്മ അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അശ്വതിയെയും കുഞ്ഞിനെയും വീട്ടിലാക്കി കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം മടങ്ങി എത്തിയപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. തട്ടിവിളിച്ചിട്ട് ഉണരാതിരുന്നതിനാല്‍ ഉടന്‍ തന്നെ അമ്മൂമ്മ ഓട്ടോറിക്ഷയില്‍ കുഞ്ഞിനെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. സംഭവം നടക്കുമ്പോള്‍ അമ്മ അശ്വതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഉടനെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ പൊലീസ് അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു.