Press Club Vartha

കോവളത്ത് റഷ്യന്‍ ബാലന് തെരുവുനായയുടെ കടിയേറ്റു; 13കാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ വിനോദ സഞ്ചാരിയായ റഷ്യന്‍ ബാലന് തെരുവുനായയുടെ കടിയേറ്റു. ഇഗ്‌നറ്റേവ് എന്ന 13-കാരനാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. വലതുകൈയില്‍ നായയുടെ കടിയേറ്റ ഇഗ്നറ്റേവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ പത്തരയോടെ ലൈറ്റ് ഹൗസ് ബിച്ചിലായിരുന്നു സംഭവം. അമ്മ ടാറ്റിയാനയ്ക്കൊപ്പം കടലില്‍ കുളിക്കാന്‍ എത്തിയതായിരുന്നു കുട്ടി. ഈ സമയം കടല്‍ക്കരയിലുണ്ടായിരുന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ലൈഫ് ഗാര്‍ഡുകളുടെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് തുടര്‍ചികിത്സ നല്‍കി. കോവളത്ത് വിദേശപൗരന്‍മാര്‍ അടക്കമുളളവരെ തെരുവ് നായ കടിക്കുന്ന സംഭവം ദിനംപ്രതി കൂടിവരികയാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

Share This Post
Exit mobile version