Press Club Vartha

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവ്

|REPRESENTATIVE IMAGE|

തിരുവനന്തപുരം: ആക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സൗഹൃദം ഭാവിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആക്കുളം സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും 15,000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. ആക്കുളം സ്വദേശികളായ ഒന്നാം പ്രതി ജിഷ്ണു. കെ. മോഹന്‍ (26), രണ്ടാം പ്രതി വിഷ്ണു. ആര്‍ (29) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ക്ഷേത്രത്തില്‍ നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ ആ സൗഹൃദം മുതലെടുത്ത് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് കേസ്.

2024 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തില്‍ വച്ചാണ് അതിജീവിത വിവാഹിതനായ ഒന്നാം പ്രതി ജിഷ്ണുവുമായി അടുപ്പത്തിലാകുന്നത്. ഇത് മുതലെടുത്ത് ജിഷ്ണു അതിജീവിതയെയും കൂട്ടുകാരികളെയും രണ്ടാം പ്രതി വിഷ്ണുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി മയക്കുകയും അതിജീവിതയെ ഒന്നാംപ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. വൈകുന്നേരം വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മറ്റു രണ്ടു പെണ്‍കുട്ടികളില്‍ ഒരാളെ രണ്ടാംപ്രതി പീഡനത്തിനിരയാക്കിയിരുന്നെങ്കിലും പെണ്‍കുട്ടികള്‍ മൊഴി മാറ്റിയതിനാല്‍ കേസുണ്ടായില്ല. പക്ഷേ, ഒന്നാമത്തെ അതിജീവിതയുടെ മൊഴിയും മറ്റ് രേഖകളും പരിശോധിച്ച കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. മുന്‍പും പ്രതികള്‍ കുട്ടികളെ വീട്ടില്‍ വിളിച്ചു വരുത്തി മദ്യം നല്‍കാന്‍ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു.

Share This Post
Exit mobile version