Press Club Vartha

കേരളത്തില്‍ പരക്കെ വേനല്‍മഴ; ഇടിമിന്നലേറ്റ് ഒരു മരണം; വ്യാപക നാശനഷ്ടം

കോഴിക്കോട്: കടുത്ത ചൂടില്‍ ആശ്വാസമായി കേരളത്തില്‍ പരക്കെ വേനല്‍മഴ ലഭിച്ചു. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലേറ്റ് ഒരാള്‍ മരിക്കുകയും ചെയ്തു. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

മലപ്പുറം എടവണ്ണയിലാണ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചത്. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടയിലായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചു. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കൊയിലാണ്ടിയില്‍ മരക്കൊമ്പ് പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റില്‍ കൃഷിയിടങ്ങളില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണുണ്ടായത്. കവിലുംപാറ സ്വദേശി പവിത്രന്‍ എന്ന കര്‍ഷകന്‍ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളില്‍ ആയിരത്തോളം എണ്ണം കാറ്റില്‍ ഒടിഞ്ഞു വീണു നശിച്ചു. കണ്ണൂരിലും ശക്തമായ മഴ ലഭിച്ചു. കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്ന് വിവധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Share This Post
Exit mobile version